Sunday, June 7, 2009

മലയാളം വെബ്‌സൈറ്റുകള്‍: ഒരു ആമുഖം

മലയാളം വെബ്‌സൈറ്റുകള്‍: ഒരു ആമുഖം
പത്രം, ടെലിവിഷന്‍, ഇന്റര്‍നെറ്റ്.
ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നെഞ്ചു വിരിച്ചു നില്‍ക്കുന്ന മൂന്നു മാധ്യമങ്ങള്‍. ഇവ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ആരു ജയിക്കുമെന്ന ചോദ്യം വായുവിലങ്ങനെ നില്‍ക്കുന്ന സമയത്താണ് കഴിഞ്ഞ നൂറ്റാണ്ട് യാത്ര പറഞ്ഞു പിരിഞ്ഞത്. ‘പത്രം മരിക്കാന്‍ പോകുന്നു’ എന്ന് പ്രവചിക്കപ്പെടുകയും ചെയ്തിരുന്നു ആ സമയത്ത്. പത്രങ്ങളുടെ ചാവുസമയം കുറിച്ചത് നിസ്സാരക്കാരനായിരുന്നില്ല; സാക്ഷാല്‍ ബില്‍ ഗേറ്റ്സ്! രണ്ടായിരാമാണ്ടില്‍ അച്ചടിപ്പത്രങ്ങള്‍ മരിക്കുമെന്നായിരുന്നു സോഫ്റ്റ്വെയര്‍ രാജാവ് പറഞ്ഞത്; പകരം ഇന്റര്‍നെറ്റിലെ പത്രങ്ങള്‍ തല്‍‌സ്ഥാനം കൈയടക്കുമെന്നും. 1990-ലായിരുന്നു ഈ പ്രവചനം. എന്നാല്‍, ബില്‍ ഗേറ്റ്സിന്റെ കണക്കുകൂട്ടല്‍ അട്ടിമറിച്ചുകൊണ്ട്, പത്രങ്ങളും ഇന്റര്‍നെറ്റും ഒന്നിച്ച് രണ്ടായിരം കടന്ന് ഇപ്പോഴിതാ 2008-ല്‍ എത്തി നില്‍ക്കുന്നു. (അഞ്ചു വര്‍ഷത്തിനകം പത്രങ്ങളെല്ലാം ഓണ്‍ലൈന്‍ ആകുമെന്ന് 2007-ല്‍ അദ്ദേഹം പിന്നെയും പറഞ്ഞിട്ടുണ്ട്. എന്നാല്‍, അച്ചടിപ്പത്രങ്ങളുടെ ആയുസിനേക്കുറിച്ച് ഇത്തവണ മൌനം പാലിച്ചു!)

അച്ചടിയും ടെലിവിഷനും ഇന്റര്‍നെറ്റുമൊന്നും മരിക്കില്ലെന്നും ഈ മാധ്യമങ്ങള്‍ക്കെല്ലാം ഒന്നിച്ച് നിലനില്‍ക്കാനുള്ള ഇടം ഉണ്ടെന്നുമുള്ള നിഗമനത്തിലേക്കാണ് മാധ്യമവിദഗ്‌ദ്ധര്‍ ഇപ്പോള്‍ എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്നത്. ഒന്ന് മറ്റൊന്നിനെ വിഴുങ്ങില്ല; പകരം, പരസ്പരം പൂരകങ്ങളായി മുന്നോട്ടു നീങ്ങും. ജര്‍മന്‍ പത്രപ്രവര്‍ത്തകനായ വുള്‍ഫ്‌ഗാങ് റിപല്‍ ഒരു നൂറ്റാണ്ടോളം മുന്‍പ് മുന്നോട്ടു വച്ച റിപല്‍ നിയമത്തിന്റെ (1) കാതല്‍ തന്നെ ഈ കാഴ്‌ചപ്പാടായിരുന്നു. ഇന്നു നമ്മള്‍ കണ്‍‌വര്‍ജന്‍സ് എന്നു വിളിക്കുന്ന, മാധ്യമങ്ങള്‍ തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളും കൈകോര്‍ക്കലുകളും അദ്ദേഹം അന്നേ വിഭാവനം ചെയ്തിരുന്നു.

എല്ലാ മാധ്യമത്തിനും ഇടമുണ്ടെന്ന് പറയുമ്പോഴും കമ്യൂണിക്കേഷനില്‍ ഇന്റര്‍നെറ്റ് നേടിക്കൊണ്ടിരിക്കുന്ന മേല്‍ക്കൈ കാണാതിരിക്കാനാവില്ല. ബില്‍ ഗേറ്റ്സ് പ്രവചിച്ച അളവിലും വേഗത്തിലും വല വിരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇന്റര്‍നെറ്റിന്റെ വളര്‍ച്ച മുന്‍‌ഗാമികളായ മാധ്യമങ്ങളുടെ റെക്കോഡുകള്‍ ഭേദിക്കുന്നതു തന്നെയാണ്. ഏകദേശം പതിനഞ്ചു വയസാണിപ്പോള്‍ ഇന്റര്‍നെറ്റിന്. കൌമാരത്തിലേക്കു കടന്നിട്ടില്ലാത്ത ഈ മാധ്യമം പക്ഷേ 140 കോടി ഉപയോക്താക്കളെ നേടിക്കഴിഞ്ഞു. (‌2). പതിനഞ്ചു വര്‍ഷം കൊണ്ട് ടെലിവിഷനുണ്ടായത് വെറും പത്തു ലക്ഷം കാണികളാണെന്നറിയുമ്പോള്‍ നെറ്റിന്റെ വളര്‍ച്ചയുടെ വ്യാപ്തിയും വേഗവും മനസ്സിലാകും. ലോകത്തിലെങ്ങുമായി റേഡിയോയ്ക്ക് പത്തു ലക്ഷം കേള്‍വിക്കാരുണ്ടായത് അമ്പതോളം വര്‍ഷം കൊണ്ടാണെന്നു കൂടി അറിയുക!

ന്യൂ മീഡിയ എന്ന ലേബലില്‍ വരുന്ന ഇന്റര്‍നെറ്റുമായി കൊടുക്കല്‍-വാങ്ങല്‍ നടത്താതെ മറ്റു മാധ്യമങ്ങള്‍ക്ക് മുന്നോട്ടു പോകാനാവില്ല എന്നാണ് ഈ കണക്കുകള്‍ കൃത്യമായി പറയുന്നത്. മാധ്യമങ്ങളെ ഒറ്റച്ചരടില്‍ കോര്‍ക്കുന്ന കണ്‍‌വര്‍ജന്‍സ് എന്ന സങ്കല്പത്തിന് അടുത്ത കാലത്തുണ്ടായ ‘പ്രശസ്തി’യുടെ കാരണവും ഇതു തന്നെ. ലോകമെങ്ങുമുള്ള മാധ്യമസ്ഥാപനങ്ങള്‍ ഈ ദിശയില്‍ നീങ്ങിത്തുടങ്ങിയിട്ടുണ്ട്; ചെറിയൊരു അളവിലാണെങ്കിലും മലയാളവും.

മലയാളം ഇന്റര്‍നെറ്റ്‌
ന്യൂ മീഡിയയുടെ സാധ്യതകള്‍ കേരളത്തിലെ പത്രസ്ഥാപനങ്ങള്‍ തിരിച്ചറിഞ്ഞതിന്റെ ഫലമായാണ് ഇന്റര്‍നെറ്റില്‍ മലയാളത്തിന് ഇത്തിരി ഇടമുണ്ടായത്. നെറ്റിന്റെ സാധ്യത കണ്ടറിഞ്ഞ പത്രസ്ഥാപനങ്ങള്‍ വെബ്‌സൈറ്റ് തുറന്നതാണ് മലയാളം ഇന്റര്‍നെറ്റിന്റെ ചരിത്രത്തിലെ ആദ്യസംഭവം എന്നു പറഞ്ഞാലും തെറ്റില്ല. പത്രമുത്തശ്ശിയായ ദീപികയാണ് തുടക്കമിട്ടത്; ഒരു പതിറ്റാണ്ടിലധികം മുന്‍പ്. മലയാള മനോരമ, കേരള കൌമുദി, മാതൃഭൂമി എന്നിങ്ങനെ പത്രങ്ങളെല്ലാം തന്നെ പിന്നാലെ വന്നു. മോശമല്ലാത്ത തുടക്കം കിട്ടിയെങ്കിലും അവിടെ നിന്ന് കാര്യമായി മുന്നോട്ടു പോകാന്‍ മലയാളത്തിനു കഴിഞ്ഞില്ല.

ചില കണക്കുകള്‍ നോക്കാം. വേള്‍ഡ് വൈഡ് വെബ്ബിന്റെ സ്ഥിതിവിവരക്കണക്കുകള്‍ പതിവായി തയാറാക്കുന്ന നെറ്റ്ക്രാഫ്റ്റ് ഡോട്ട് കോമിന്റെ കണക്കനുസരിച്ച് 16,26,62,052 വെബ്‌സൈറ്റുകളുണ്ട് ലോകത്ത് (3). ഇതില്‍ മലയാളം കാര്യമായി വായിക്കാവുന്ന സൈറ്റുകള്‍ നൂറു പോലുമില്ല. പത്രസൈറ്റുകള്‍ മാറ്റി നിര്‍ത്തിയാല്‍ മലയാളം ഇന്റര്‍നെറ്റിന്റെ അവസ്ഥ ഇപ്പോഴും ദയനീയമാണ്. പ്രൊഫഷനലിസം കാണിക്കുന്ന മലയാളം പോര്‍ട്ടലുകളും നെറ്റ് മാസികകളും കൂടി ചേര്‍ത്തു വച്ചാല്‍ ഒരു കൈയുടെ വിരലില്‍ എണ്ണിത്തീര്‍ക്കാം. കൊള്ളാവുന്ന ഒരു നിഘണ്ടുവോ വിജ്ഞാനകോശമോ പോലും മലയാളത്തിന്റേതായി ഇന്റര്‍നെറ്റിലില്ല.

ഇന്റര്‍നെറ്റിലെ പ്രശസ്ത സൌജന്യ വിജ്ഞാനകോശമായ വിക്കിപീഡിയയിലെ മലയാ‍ളലേഖനങ്ങളുടെ എണ്ണം 2008 മേയ് അവസാനിക്കുമ്പോള്‍ 6,404 മാത്രം. ഇതിന്റെ വലിപ്പമറിയാന്‍ ഇംഗ്ലീഷിലെ ലേഖനങ്ങളുടെ എണ്ണം നോക്കിയാല്‍ മതി: 23,97,097. നമ്മുടെ അയല്‍‌വക്കത്തെ തെലുങ്കിന് 40,214 ലേഖനങ്ങളുണ്ട്.

മലയാളപത്രങ്ങള്‍ നെറ്റിലേക്ക്‍
നേരത്തെ പറഞ്ഞതുപോലെ, ഇന്റര്‍നെറ്റിലെ മലയാളത്തിന് ‘ലക്ഷണമൊത്ത’ ഒരു തുടക്കമിട്ടത് ദീപികയാണ്. 1997 സെപ്റ്റംബറില്‍ അവരുടെ വാര്‍ത്താ വെബ്‌സൈറ്റ്, ദീപിക ഡോട്ട് കോം (www.deepika.com) നിലവില്‍ വന്നു. പത്രത്തില്‍ വന്ന വാര്‍ത്തകള്‍ മാറ്റമൊന്നും വരുത്താതെ ഇന്റര്‍നെറ്റിലേക്കു കയറ്റിവിടുകയായിരുന്നു ദീപികയുടെ രീതി. നവമാധ്യമത്തിന്റെ സവിശേഷതകള്‍ പ്രയോജനപ്പെടുത്താനോ വാര്‍ത്തകള്‍ അതനുസരിച്ച് അവതരിപ്പിക്കാനോ ഉള്ള ശ്രമമൊന്നും ദീപിക നടത്തിയില്ലെങ്കിലും പ്രധാനപ്പെട്ട സംഭവങ്ങളുണ്ടായാല്‍ സൈറ്റ് നവീകരിക്കാന്‍ അവര്‍ക്ക് സംവിധാനമുണ്ടായിരുന്നു. വിദേശമലയാളികള്‍ക്കിടയില്‍ ദീപിക ഡോട്ട് കോം അതിവേഗം പ്രശസ്തമായി. ജന്മനാട്ടിലെ വാര്‍ത്തകള്‍ അപ്പപ്പോള്‍ അറിയാന്‍ അവര്‍ക്കു ലഭിച്ച ഒരേയൊരു സംവിധാനമായിരുന്നു ദീപിക.

ആഴ്ചകള്‍ക്കുള്ളില്‍ മലയാള മനോരമയും വാര്‍ത്തകളുമായി ഇന്റര്‍നെറ്റിലെത്തി.1997 ഒക്ടോബര്‍ 17-ന് ബ്രിട്ടനിലെ ഫിലിപ്പ് രാജകുമാരനായിരുന്നു മലയാള മനോരമ ഡോട്ട് കോം (www.malayalamanorama.com) ഉദ്‌ഘാടനം ചെയ്തത്. പ്രഭാതപത്രത്തിലെ വാര്‍ത്തകള്‍ അതേപടി നെറ്റിലേക്ക് പകര്‍ത്തുന്ന രീതി തന്നെയാണ് മനോരമയും പിന്തുടര്‍ന്നത്. എന്നാല്‍, വാര്‍ത്തകള്‍ അപ്‌ഡേറ്റ് ചെയ്യുന്ന കാര്യത്തില്‍ ദീപികയ്ക്കുണ്ടായിരുന്ന ശ്രദ്ധ മനോരമ കാണിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ദീപിക വെബ്‌സൈറ്റിനുണ്ടായിരുന്ന പ്രചാരവും സ്വീകാര്യതയും ഏറെക്കാലം മനോരമയുടെ സൈറ്റിനു കിട്ടിയതുമില്ല. 2002-ല്‍ മനോരമ ചുവടു മാറ്റിച്ചവിട്ടി. വാര്‍ത്താ‍സൈറ്റ് മാത്രമായിരുന്ന മലയാള മനോരമ ഡോട്ട് കോമിനെ അവര്‍ ഒരു പോര്‍ട്ടലാക്കി മാറ്റി. വാര്‍ത്തയ്ക്കു പുറമേ, സിനിമ, സംഗീതം, ജ്യോതിഷം, സ്പോര്‍ട്സ് എന്നിങ്ങനെ പല ചാനലുകളുണ്ടായി അതില്‍. സൈറ്റിന്റെ പേര് മനോരമ ഓണ്‍ലൈന്‍ ഡോട്ട് കോം (www.manoramaonline.com) എന്നു മാറുകയും ചെയ്തു.

പ്രഭാതപത്രത്തില്‍ നിന്നു വ്യത്യസ്തമായി ഇന്റര്‍നെറ്റ് എഡിഷന് സ്വന്തമായ വ്യക്തിത്വവും വിഭവങ്ങളും നല്‍കാന്‍ ശ്രമിച്ചുകൊണ്ടാണ് കേരള കൌമുദി നെറ്റിലേക്ക് കടന്നത്. ഇന്റര്‍നെറ്റ് എഡിഷനു വേണ്ടി മാത്രമായി പ്രത്യേകം എഡിറ്ററെ വരെ നിയമിച്ചുകൊണ്ടായിരുന്നു കേരള കൌമുദി ഡോട്ട് കോമിന്റെ (www.keralakaumudi.com) ആരംഭം. വൈകാതെ, മാതൃഭൂമി (www.mathrubhui.com), ദേശാഭിമാനി (www.deshabhimani.com), മംഗളം (www.mangalam.com), മാധ്യമം (www.madhyamamonline.com), വീക്ഷണം (www.veekshanam.com) തുടങ്ങിയ മറ്റു പത്രങ്ങളും നെറ്റിലേക്ക് കടന്നു.

ഇന്ന് മലയാളത്തിലെ മിക്ക പത്രങ്ങള്‍ക്കും വെബ്‌സൈറ്റുകളുണ്ട്. എന്നാല്‍, പത്രവാര്‍ത്തകളും പംക്തികളും ഫീച്ചര്‍ പേജുകളും പകര്‍ത്തി വയ്ക്കുന്നതിനപ്പുറത്ത് കാര്യമായൊന്നും ചെയ്യാന്‍ അവ ശ്രമിച്ചു കാണുന്നില്ലെന്നു മാത്രം. നെറ്റിന് അനുയോജ്യമായ ഒരു അവതരണരീതി ഉണ്ടാക്കിയെടുക്കാനുള്ള ശ്രമവും ഒരു ഭാഗത്തും കാണുന്നില്ല.

മലയാളം പോര്‍ട്ടലുകള്‍
പത്രങ്ങള്‍ക്കു പുറമേ മലയാളത്തില്‍ വാര്‍ത്തകളും മറ്റു വിവരങ്ങളും നല്‍കുന്ന ചില പോര്‍ട്ടലുകളുമുണ്ട്. അവയെല്ലാം തന്നെ ഏതെങ്കിലും ബഹുഭാഷാസംരംഭങ്ങളുടെ ഭാഗമാണ്. ഉദാഹരണത്തിന്, യാഹുവിന്റെ ഭാഗമായ യാഹു മലയാളം (in.malayalam.yahoo.com), മൈക്രോസോഫ്റ്റിന്റെ എം എസ് എന്‍ മലയാളം (msn.webdunia.com/malayalam/index.htm), വണ്‍ ഇന്ത്യയുടെ ഭാഗമായ ദാറ്റ്സ് മലയാളം (thatsmalayalam.oneindia.in), സത്യം ഗ്രൂപ്പിന്റെ സിഫി മലയാളം (sify.com/malayalam), വെബ് ദുനിയയുടെ വെബ്‌ലോകം (malayalam.webdunia.com) എന്നിവ നോക്കുക.

വാര്‍ത്തകള്‍, സിനിമ, സംഗീതം, ആരോഗ്യം, ഗോസിപ്പുകള്‍.. ഇതൊക്കെയാണ് പോര്‍ട്ടലുകളുടെ പ്രധാന വിഭവങ്ങള്‍. പ്രധാനം വാര്‍ത്ത തന്നെ; നല്ല സേര്‍ച്ച് എന്‍‌ജിനുമുണ്ടാകും. കൂടാതെ, ഇ-മെയില്‍, ചാറ്റ് റൂം, ഒപീനിയന്‍ പോള്‍, ഇ-ഷോപ്പിങ്, ഡിസ്കഷന്‍ ഫോറം, ബുക്ക്മാര്‍ക്കിങ്, ഗെയിമുകള്‍ എന്നിങ്ങനെ പല സൌകര്യങ്ങളും ഈ പോര്‍ട്ടലുകള്‍ ഒരുക്കുന്നു.

മലയാളത്തിലെ ആദ്യത്തെ പോര്‍ട്ടല്‍ എന്നു വിളിക്കാവുന്നത് ഇന്ത്യാ ഇന്‍ഫോ (www.indiainfo.com)യെയാണ്. 1999 ഏപ്രിലിലായിരുന്നു ഇന്ത്യാ ഇന്‍ഫോയുടെ തുടക്കം. ഇത് പിന്നീട് ദാറ്റ്സ് മലയാളം ഡോട്ട് കോമായി മാറി. ഇപ്പോഴിത് വണ്‍ ഇന്ത്യ ഡോട്ട് ഇന്‍ എന്ന ബഹുഭാഷാപോര്‍ട്ടലിന്റെ ഭാഗമാണ്.

വെബ്‌ദുനിയ ഗ്രൂപ്പ് തുടങ്ങിയ വെബ്‌ലോകം (www.weblokam.com) ആയിരുന്നു പിന്നെ മലയാളത്തില്‍ വന്ന പോര്‍ട്ടല്‍. 2000 നവംബര്‍ ഒന്നിനായിരുന്നു ഈ തുടക്കം. ഒരുപാട് പുതുമകളുമായാണ് വെബ്‌ലോകം വന്നത്. മലയാളത്തിലുള്ള സേര്‍ച്ച് എന്‍‌ജിനായ അന്വേഷി, മലയാളത്തില്‍ മെയില്‍ അയയ്ക്കാവുന്ന ഇ-പത്ര തുടങ്ങിയവയാണ് അവയില്‍ പ്രധാനം. വെബ്‌ലോകം പിന്നീട് വെബ്‌ദുനിയ മലയാളം ആയി മാറി.

ടി വി ചാനലുകളുടെ നെറ്റ് സാന്നിധ്യം
മലയാളത്തില്‍ വാര്‍ത്തകള്‍ അറിയാന്‍ സൌകര്യമൊരുക്കുന്ന ഏറ്റവും നല്ല വെബ്‌സൈറ്റുകളിലൊന്നാണ് ഇന്ത്യാവിഷന്റേത്. (www.indiavisiontv.com). വെബ്ബിനു തികച്ചും അനുയോജ്യമാ‍യ രീതിയില്‍ എഡിറ്റ് ചെയ്യപ്പെട്ട വാര്‍ത്തകളാണ് ഈ സൈറ്റിന്റെ സവിശേഷത. ടെലിവിഷന്റെ ഭാഷയും നെറ്റിന്റെ കണിശതയും വേഗവും ആവശ്യപ്പെടുന്നുണ്ട് എന്നതായിരിക്കാം ഇക്കാര്യത്തില്‍ ഇന്ത്യാവിഷന് തുണയാകുന്നത്. അവരുടെ ഇന്ത്യാവിഷന്‍ ന്യൂസ് ലൈവ് (www.indiavisiontvlive.com) എന്ന സൈറ്റില്‍ ടെലിവിഷന്‍ വാര്‍ത്തയും മറ്റു പരിപാടികളും ലൈവ് ആയി കാണാനുള്ള സൌകര്യവുമൊരുക്കിയിരിക്കുന്നു.

മനോരമ ന്യൂസും (www.manoramanews.com) വാര്‍ത്തകള്‍ക്കായി ഒരു മലയാളം വെബ്‌സൈറ്റ് നടത്തുന്നുണ്ട്. വാര്‍ത്തയ്ക്കൊപ്പം വീഡിയോ ക്ലിപ്പിങ്ങുകളും കാണാം. മറ്റു ടെലിവിഷന്‍ ചാനലുകള്‍ക്കും വെബ്‌സൈറ്റുകളുണ്ടെങ്കിലും അവയൊക്കെ ചാനലുകളുടെ കോര്‍പറേറ്റ് സൈറ്റുകള്‍ മാത്രമാണ്. മലയാളം ഇന്റര്‍നെറ്റിന്റെ ചരിത്രത്തില്‍ അവയ്ക്ക് സ്ഥാനമില്ലെന്ന് ചുരുക്കം.

പ്രസിദ്ധീകരണങ്ങള്‍ നെറ്റില്‍
മലയാളത്തില്‍ അച്ചടിച്ചിറങ്ങുന്ന മിക്ക പ്രസിദ്ധീകരണങ്ങള്‍ക്കും ഇന്റര്‍നെറ്റ് പതിപ്പുകളുണ്ട്. അച്ചടിപ്പതിപ്പിലുള്ള വിവരങ്ങള്‍ അതേപടി നെറ്റിലേക്കു പകര്‍ത്തുന്നവയാണ് അധികവും. ഉദാഹരണത്തിന്, സമകാലിക മലയാളം വാരിക (www.malayalamvarikha.com). മലയാളം പ്രസിദ്ധീകരണം തുടങ്ങിയ അച്ചടിപ്പതിപ്പ് അതേപടി പി ഡി എഫ് രൂപത്തിലാക്കി ഇന്റര്‍നെറ്റിലേക്ക് അപ്‌ലോഡ് ചെയ്യുകയാണ് മലയാളത്തിന്റെ രീതി. കൃത്യമായി ക്രമീകരിച്ചിട്ടില്ലെങ്കില്‍ പോലും കുറേ ലക്കങ്ങള്‍ ആര്‍ക്കൈവ് ചെയ്തു സൂക്ഷിച്ചിട്ടുമുണ്ട്. മലയാളം ഇന്റര്‍നെറ്റില്‍ വായിക്കണമെങ്കില്‍ മുന്‍പ് പണം കൊടുക്കണമായിരുന്നു. എന്നാല്‍, ഇപ്പോഴിത് സൌജന്യമാണ്.

കലാകൌമുദിക്കുമുണ്ട് ഇന്റര്‍നെറ്റ് പതിപ്പ്. പണം കൊടുത്താല്‍ വായിക്കാന്‍ കഴിയുന്ന വിധത്തില്‍ സംവിധാനം ചെയ്തിരിക്കുന്ന ഈ വെബ്‌സൈറ്റിലും ഏറെക്കുറെ പ്രിന്റിലുള്ള വിവരങ്ങള്‍ മാത്രമാണുള്ളത്. എന്നാല്‍, പി ഡി എഫ് രൂപത്തിലല്ല കലാകൌമുദി നെറ്റിലെത്തുന്നത്. അഭിമുഖങ്ങളുടെ ശബ്ദരേഖയും മറ്റും കേള്‍ക്കാന്‍ സൌകര്യമൊരുക്കി ഇന്റര്‍നെറ്റ് എന്ന മാധ്യമത്തിന്റെ സവിശേഷതകള്‍ ഉപയോഗിക്കാനുള്ള ചെറിയ ശ്രമങ്ങളും കലാകൌമുദിയില്‍ കാണാം.

ധനം (www.dhanammagazine.com), ജനശക്തി (www.janashakthionline.com), സ്നേഹിത (www.snehitha.com), സത്യദീപം (www.sathyadeepam.org), സാംസ്കാരിക പൈതൃകം (www.paithrukamonline.com) തുടങ്ങിയ പ്രസിദ്ധീകരണങ്ങളും അവരുടെ പ്രിന്റ് എഡിഷനൊപ്പം ഇന്റര്‍നെറ്റ് പതിപ്പുകള്‍ നടത്തുന്നുണ്ട്.

വെള്ളിനക്ഷത്രം (www.vellinakshatram.com), നാ‍ന (www.nanafilmweekly.com) തുടങ്ങിയ സിനിമാവാരികകള്‍ക്കുമുണ്ട് ഇന്റര്‍നെറ്റ് പതിപ്പുകള്‍. അച്ചടിച്ച പതിപ്പില്‍ നിന്നു വ്യത്യസ്തമായി കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്താനും മള്‍ട്ടിമീഡിയയുടെ സാധ്യതകള്‍ നന്നായി ഉപയോഗിക്കാനും ശ്രദ്ധിക്കുന്ന സൈറ്റാണ് വെള്ളിനക്ഷത്രത്തിന്റേത്. സിനിമയുടെ ട്രെയിലറും പാട്ടുകളുമൊക്കെ ഈ സൈറ്റിന്റെ ഭാഗമാണ്. മള്‍ട്ടിമീഡിയ പ്രയോഗിക്കാന്‍ ശ്രമിച്ചിട്ടില്ലെങ്കിലും വാള്‍പേപ്പര്‍ ഡൌണ്‍ലോഡ് ചെയ്യാനുള്ള സൌകര്യം, ധാരാളം ഫോട്ടൊ ഗാലറികള്‍ എന്നിവയൊക്കെ നാനയുടെ സൈറ്റിലുണ്ട്.

ഇന്റര്‍നെറ്റില്‍ മാത്രം
നേരത്തെ കണ്ട വെബ് പോര്‍ട്ടലുകളെപ്പോലെ, ഇന്റര്‍നെറ്റില്‍ മാത്രം ലഭ്യമായ ചില പ്രസിദ്ധീകരണങ്ങളുണ്ട് മലയാളത്തില്‍. നെറ്റ്‌സിന്‍, വെബ്‌സിന്‍ എന്നൊക്കെ വിളിക്കാവുന്ന ഇന്റര്‍നെറ്റിലെ മാഗസിനുകള്‍ മുതല്‍ പ്രത്യേക വിഷയങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുന്ന വെര്‍ട്ടിക്കല്‍ പോര്‍ട്ടലുകള്‍ വരെയുണ്ട് അക്കൂട്ടത്തില്‍.

വിദേശമലയാളികളുടെ നേതൃത്വത്തിലാണ് അവയില്‍ നല്ല പങ്കും നടക്കുന്നത്. ചിന്ത (www.chintha.com), അയനം (www.ayanam.com), മൂന്നാമിടം (www.moonnamidam.com), തുഷാരം (www.thusharam.com), ജയകേരളം (www.jayakeralam.com) തുടങ്ങിയവ ഇക്കൂട്ടത്തില്‍ എടുത്തു പറയാവുന്ന സൈറ്റുകളാണ്. മുന്‍പ് മലയാളത്തില്‍ സജീവമായിരുന്ന ലിറ്റില്‍ മാഗസിനുകളുടെ പാരമ്പര്യമാണ് ഇവ ഏറെക്കുറെ പിന്തുടരുന്നത്. കേരളത്തില്‍ നിന്നുള്ള സംരംഭങ്ങളായ ഹരിതകം(www.harithakam.com), സമകാലികം (www.samakalikam.com), ചിരിച്ചെപ്പ് (www.chiricheppu.com), സമയം (www.samayamonline.in) എന്നിവയും ഈ ഗണത്തില്‍ പെടുത്താം.

ഹരിതകത്തേക്കുറിച്ച് കുറച്ചു കൂടി പറയേണ്ടിയിരിക്കുന്നു. പി പി രാമചന്ദ്രന്‍ എഡിറ്റ് ചെയ്യുന്ന ഹരിതകം മലയാള കവിതയ്ക്ക് സമര്‍പ്പിച്ചിരിക്കുന്ന വെബ്‌സൈറ്റാണ്. സമകാലീനം, ക്ലാസിക്, പ്രാചീനം, വിവര്‍ത്തനം എന്നിങ്ങനെ നാലു വിഭാഗങ്ങളിലായി ഇതില്‍ കവിതകള്‍ ക്രമീകരിച്ചിരിക്കുന്നു. കവിതയുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍, അഭിമുഖങ്ങള്‍, നിരൂപണങ്ങള്‍ തുടങ്ങിയവയ്ക്കും ഹരിതകത്തില്‍ ഇടമുണ്ട്. പദ്മിനിയുടെ ചിത്രങ്ങള്‍ ചേര്‍ത്തിരിക്കുന്ന ചിത്രശാലയും ഹരിതകത്തിന്റെ സവിശേഷതയാണ്.

1998-ല്‍ ആരംഭിച്ച പുഴ (www.puzha.com)യാണ് ഇന്റര്‍നെറ്റ് മാസികകളിലെ ആദ്യത്തെ ശ്രദ്ധേയമായ സംരംഭം. ലിറ്റില്‍ മാഗസിനുകളെപ്പോലെ മലയാളസാഹിത്യമായിരുന്നു പുഴ ഡോട്ട് കോം പ്രധാനമായും ശ്രദ്ധ വച്ച മേഖല. എന്നാല്‍, ലിറ്റില്‍ മാഗസിനുകളുടെ ചട്ടക്കൂടിനു പുറത്തേക്ക് വളരാനുള്ള ശ്രമം നടത്തിയെന്നതാണ് പുഴയെ വ്യത്യസ്തമാക്കിയത്. ഇന്റര്‍നെറ്റിലൂടെ പുസ്തകങ്ങള്‍ വില്‍ക്കാനുള്ള ശ്രമം കാര്യമായി മലയാളത്തില്‍ തുടങ്ങിയതും പുഴയാണ്. ഇ-മെയില്‍, ഓഡിയോ സ്റ്റേഷന്‍ തുടങ്ങിയ സൌകര്യങ്ങളും നാമമാത്രമായാ‍ണെങ്കിലും പുഴയില്‍ കാണാം.

വാര്‍ത്ത, വിനോദം തുടങ്ങിയവയ്ക്ക് മുന്‍‌തൂക്കം നല്‍കുന്ന മലയാളസൈറ്റുകള്‍ പലതും പിന്നീടു വരാന്‍ തുടങ്ങി. കൊച്ചിയില്‍ നിന്നുള്ള കേരള ഓണ്‍ ലൈവ് (www.keralaonlive.com), ന്യൂയോര്‍ക്കില്‍ നിന്നുള്ള അശ്വമേധം (www.aswamedham.com), സായൂജ്യം (www.sayujyam.com), ഇ പത്രം (www.epathram.com) എന്നിവ ഈ കൂട്ടത്തില്‍ എടുത്തു പറയാം. മറുനാടന്‍ മലയാളജീവിതത്തിനും മലയാളം ബ്ലോഗിങ്ങിനും പ്രാധാന്യം നല്‍കുന്ന ഇപത്രം മലയാളം ഇന്റര്‍നെറ്റിനു ലഭിച്ച നല്ല സംഭാവനകളിലൊന്നാണ്.

അടുത്ത കാലത്ത് മലയാളത്തില്‍ ഏറ്റവുമധികം വാര്‍ത്തകള്‍ സൃഷ്‌ടിച്ച വെബ്‌സൈറ്റ് ഇന്ദുലേഖ ഡോട്ട് കോം (www.indulekha.com) ആണ്. 2006 ജനുവരി ഒന്നിന് ആരംഭിച്ച ഇന്ദുലേഖ, എം ടി വാസുദേവന്‍ നായരുടെ പുസ്തകങ്ങള്‍ ഇന്റര്‍നെറ്റില്‍ അവതരിപ്പിച്ചതിലൂടെ ലിംക ബുക്ക് ഓഫ് റെക്കോഡ്‌സില്‍ സ്ഥാനം പിടിച്ചു. ഒരു ഇന്ത്യന്‍ എഴുത്തുകാരന്റെ എല്ലാ പുസ്തകങ്ങളും ഇങ്ങനെ നെറ്റിലെത്തുന്നത് ആദ്യമായിട്ടായിരുന്നു. ലിംക ബുക്കില്‍ ഇടം നേടുന്ന ആദ്യത്തെ കേരളീയ വെബ്‌സൈറ്റാണ് ഇന്ദുലേഖ. പുസ്തകം, ചിത്രകല, സിനിമ, വിനോദം, ഫാഷന്‍, വീട്, യാത്ര തുടങ്ങിയ മേഖലകളില്‍ ഊന്നല്‍ കൊടുക്കുന്ന ഇന്ദുലേഖ ഡോട്ട് കോം മലയാളത്തിലെ വാര്‍ത്തേതര സൈറ്റുകളില്‍ ഏറ്റവുമധികം വായനക്കാരുള്ള ഇന്‍ഫൊടെയ്‌ന്‍‌മെന്റ് പോര്‍ട്ടലാണ്.

ജനകീയ സംരംഭങ്ങള്‍
ഇന്റര്‍നെറ്റിലെ ജനകീയ പങ്കാളിത്തം മലയാളത്തില്‍ വേണ്ടവിധം വേരാഴ്‌ത്തിയിട്ടില്ലാത്ത ഒരു സങ്കല്പമാണ്. ബാല്യം കടക്കാത്ത മലയാളം വിക്കിപീഡിയയാണ് (ml.wikipedia.org) അതിന്റെ ഏറ്റവും നല്ല തെളിവ്. ഇതേക്കുറിച്ച് ആദ്യം സൂചിപ്പിച്ചുഇരുന്നല്ലോ. മലയാളം വിക്കിപീഡിയയിലുള്ള ആറായിരത്തിലധികം വരുന്ന ലേഖനങ്ങളില്‍ നല്ല പങ്കും കേരളത്തിനും ഇന്ത്യക്കും വെളിയിലുള്ള മലയാളികളുടെ സംഭാവനയാണ്. വിക്കിപീഡിയയ്ക്ക് ഒരു മലയാളം പതിപ്പു തുടങ്ങാന്‍ മുന്‍‌കൈയെടുത്തതും മറുനാടന്‍ മലയാളികള്‍ തന്നെ.

ഉപയോഗിക്കുന്ന അക്ഷരങ്ങള്‍ ഇംഗ്ലീഷ് ആണെങ്കിലും മലയാളസംഗീതം ഡോട്ട് ഇന്‍ഫോ (www.malayalasangeetham.info) എന്ന സൈറ്റിനേക്കുറിച്ചു കൂടി ഇവിടെ പറയേണ്ടിയിരിക്കുന്നു. മലയാളസിനിമാസംഗീതത്തെ ഡോക്യുമെന്റ് ചെയ്യുന്ന ഈ സൈറ്റ് വിക്കിപീഡിയയുടെ മാതൃകയില്‍ തികച്ചും ജനകീയമായി നടക്കുന്ന സംരംഭമാണ്. മലയാളം എഴുതാന്‍ ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഉപയോഗിക്കുന്നു എന്നത് ഈ സൈറ്റിന്റെ ദൌര്‍ബല്യമെന്നതിനേക്കാള്‍ ശക്തിയായി കാണാവുന്നതാണ്.

ഇന്റര്‍നെറ്റില്‍ നല്ലൊരു മലയാളനിഘണ്ടു ഉണ്ടാക്കാനുള്ള കൂട്ടുസംരഭമാണ് പദമുദ്ര (www.padamudra.com). 2008 മെയ് അവസാനിക്കുമ്പോഴത്തെ കണക്കനുസരിച്ച് 2373 പദങ്ങൾ ശേഖരിച്ച് ക്രമീകരിക്കാന്‍ പദമുദ്രയ്ക്ക് കഴിഞ്ഞിട്ടുണ്ട്. വിക്കിപീഡിയ പോലെ വായനക്കാരാണ് ഇതിലെ പദങ്ങള്‍ സംഭാവന ചെയ്യുന്നത്.

സര്‍ക്കാരും മലയാളം നെറ്റും
കേരള സര്‍ക്കാരിന്റെ ഔദ്യോഗിക പോര്‍ട്ടലാണ് www.kerala.gov.in. അതിന്റെ ഹോം പേജില്‍ എത്ര കഷ്ടപ്പെട്ട് പരിശോധിച്ചാലും മലയാളത്തില്‍ എഴുതിയ ഒരു വാചകം കണ്ടുപിടിക്കാന്‍ പറ്റില്ല! ഇന്റര്‍നെറ്റിലെ സര്‍ക്കാര്‍ മലയാളത്തിന്റെ അവസ്ഥ ഇതാണ്. സര്‍ക്കാരിന്റെ പ്രസിദ്ധീകരണങ്ങളായ വികസനസമന്വയം, ജനപഥം എന്നിവ പി ഡി എഫ് രൂപത്തില്‍ സൈറ്റിനെ ഉള്ളില്‍ ചേര്‍ത്തിട്ടുള്ളതാണ് അതില്‍ ആകെയുള്ള മലയാള സാന്നിധ്യം. ജനങ്ങളും സര്‍ക്കാരും തമ്മിലുള്ള അകലം കുറയ്ക്കാന്‍ തുടങ്ങിയിരിക്കുന്ന സുതാര്യകേരളം (sutharya.kerala.gov.in) എന്ന സൈറ്റില്‍ ഒരക്ഷരം പോലും മലയാളത്തില്‍ വരാതെ ശ്രദ്ധിച്ചിട്ടുണ്ട്!!!

എന്നാല്‍, വിദേശമലയാളികളുടെ പുതുതലമുറയ്ക്ക് മലയാളം പഠിക്കാന്‍ സൌകര്യമൊരുക്കിയിരിക്കുന്ന ഒരു സൈറ്റുണ്ട് കേരള സര്‍ക്കാരിന്റേതായി; എന്റെ മലയാളം (www.entemalayalam.org). സി ഡിറ്റിന്റെ സഹായത്തോടെ നോര്‍ക്ക (Non Resident keralite's Affairs Department) ഒരുക്കിയിരിക്കുന്ന ഈ സൈറ്റില്‍ അക്ഷരങ്ങളും അവയുടെ ഉച്ചാരണവും കൊച്ചു കൊച്ചു വാക്കുകളുമൊക്കെ പഠിക്കാം. പഠനത്തിന്റെ നിലവാരം അളക്കാനുള്ള ടെസ്റ്റുകളുമുണ്ട് എന്റെ മലയാളത്തില്‍.

ഗവണ്മെന്റ് നിയന്ത്രണത്തിലുള്ള ചില ഏജന്‍സികള്‍ മലയാളത്തിലുള്ള സൈറ്റുകളും പ്രാദേശിക പോര്‍ട്ടലുകളുമൊക്കെ നടത്തുന്നുണ്ട്. ഉദാഹരണത്തിന്, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്. ഇവരുടെ സൈറ്റിന് (www.keralabhashainstitute.org) ഒരു ഇംഗ്ലീഷ് മട്ടാണെങ്കിലും വിവരങ്ങള്‍ മലയാളത്തിലാണ് ചേര്‍ത്തിരിക്കുന്നത്. അക്ഷയ, ഐ ടി മിഷന്‍ തുടങ്ങിയ ഏജന്‍സികളുടെ നിയന്ത്രണത്തിലുള്ള സൈറ്റുകള്‍ മലയാളത്തിന് പ്രധാന്യം കൊടുക്കുന്നുണ്ട്. എന്റെ ഗ്രാമം (www.entegramam.gov.in), വെബ് 4 ഓള്‍ (www.web4all.in), നമ്മുടെ ഭാഷ നമ്മുടെ കം‌പ്യൂട്ടിങ്ങ് (malayalam.kerala.gov.in) എന്നിവ ഈ ഗണത്തില്‍ പെടുത്താം.

സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍സൈക്ലോപീഡിക് പബ്ലിക്കേഷന്‍സിന്റെ പ്രസിദ്ധീകരണമായ സര്‍വവിജ്ഞാനകോശവും ഇന്റര്‍നെറ്റില്‍ ലഭ്യമാണ് (www.sarvavijnanakosam.gov.in). വിക്കിപീഡിയയുടെ മാ‍തൃകയില്‍ മീഡിയ വിക്കി ഉപയോഗിച്ച് അവതരിപ്പിച്ചിരിക്കുന്ന ഈ അപൂര്‍ണ വിജ്ഞാനകോശത്തിന് പല പരിമിതികളുമുണ്ടെങ്കിലും അതൊരു നല്ല തുടക്കം തന്നെ.

മലയാളം ഇന്റര്‍നെറ്റിന് ഇനിയും ഒരുപാട് ദൂരം പോകാനുണ്ട് എന്നു സൂചിപ്പിക്കുന്ന ഒരു നഖചിത്രമാണിവിടെ കണ്ടത്. നമ്മുടെ സര്‍വകലാശാലകള്‍ക്കും ഗവേഷണസ്ഥാപനങ്ങള്‍ക്കും മാധ്യമസ്ഥാപനങ്ങള്‍ക്കും മുതല്‍ അക്ഷയ സെന്ററില്‍ കംപ്യൂട്ടറിന്റെ ബാലപാഠങ്ങള്‍ അഭ്യസിക്കുന്ന സാധാരണക്കാര്‍ക്കു വരെ ഇതില്‍ വലിയ സംഭാവനകള്‍ നല്‍കാന്‍ കഴിയും. ബ്രോഡ്‌ബാന്‍‌ഡിന്റെ പ്രചാരവും ഇന്റര്‍നെറ്റിനു ലഭിക്കുന്ന വര്‍ധിച്ച സ്വീകാര്യതയും അതിനു വഴി തുറക്കുമെന്നു തന്നെയാണ് സൂചിപ്പിക്കുന്നത്.
..................................

1 comment:

Aluvavala said...

ഓ..ഹ്...! എന്തൊരു ഗംഭീരമായ വിവരങ്ങള്‍..! കലക്കി...! ഞാന്‍ കാത്തിരുന്നത് കയ്യില്‍ വന്ന വീണപോലെ..!